Monday 5 April 2010

പത്രോസിന്‍റെ പ്രണയ ലേഖനം

പത്രോസ് വള്ളിക്കാടന്‍.

സഹൃദയന്‍ കലാകാരന്‍ , സാഹിത്യകാരന്‍.
നാട്ടുകാരുടെ എല്ലാമെല്ലാം , നാടന്‍ തരുണീമണികളുടെ സ്വപ്ന നായകന്‍

കൈയിലിരുപ്പ് നല്ലതാണെന്കിലും നല്ല പ്രായത്തില്‍ നാടുവിടേണ്ടി വന്നു ആ ഹത ഭാഗ്യന്!‍

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആകെ മുരടിച്ച അവനിലെ കല കൊലയായി...തേങ്ങാക്കൊല.

പിന്തിരിപ്പന്‍ ലബനീസ് മുതലാളിയുടേയും ‘കമസ്തക്ക‘ ഫിലിപ്പിനി പെണ്ണുങ്ങളുടേയും ഇടയില്‍ ഉള്ളിലെ സാഹിത്യം കൂ‍മ്പടഞ്ഞു, സമാധിയിലായി.

അപ്പോഴാണ് ചുട്ടുപൊള്ളുന്ന ആ മരുഭൂമിയിലേക്ക് ഒരു കുളിര്‍ മഴയായി അവള്‍ കടന്നു വരുന്നത്.

മൃദുല..
- പേരുപോലെ തന്നെ മൃദുലം , മാന്‍‌മിഴി, ചെത്തിപ്പഴം പോലെയുള്ള ചുണ്ടുകള്‍, അന്നനട, പാല്‍പുഞ്ചിരി : മൊത്തത്തില്‍ ആനച്ചന്തം. കോട്ടയം മാര്‍ക്കെറ്റിന്റെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചു വെച്ച പച്ച നാടന്‍ പെണ്ണ് .


വരുന്ന ഒക്ടോബറില്‍ ഇരുപത്തൊന്നു തികയുകയേയുള്ളു.
ബി എ ഇംഗ്ലീഷ് (സി വി നോക്കി കണ്ടു പിടിച്ചതാണ്)
കെട്ടിയിട്ടില്ല,ഇത് വരെ!

വന്നു കേറിയ പാടെ അവള് പണി തുടങ്ങി: ലബനീസ് മുതലാളിയുടെ സെക്രട്ടറിയാ‍യി.


വള്ളിക്കാടന്റെ ഉള്ളിലെ കരിഞ്ഞ പ്രണയം വീണ്ടും കിളിര്‍ത്തു, പൂത്തു.
വിരിഞ്ഞ പ്രണയങ്ങളെ അവന്‍ ഒരു മൈക്രോസോഫ്ട്‌ വേര്‍ഡ്‌ പേജിലേക്ക് പകര്‍ത്തിക്കൊണ്ടേയിരുന്നു , അവന്ടെ ഉള്ളിലെ കല സട കുട്റ്റഞ്ഞുണര്‍ന്നു.
അവളെക്കുറിച്ചുള്ള വര്‍ണനകള്‍ വരികളായി, കവിതകളായി , കാവ്യമായി.


ഓഫീസെന്ന് പറയുമ്പോള്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ട് പോകുന്ന കുട്ടിയുടെ ഭാവമായിരുന്നു പത്രോസിനു , ഇപ്പൊ വെള്ളിയാഴ്ച കൂടി വര്‍ക്കിംഗ്‌ ഡേ ആക്കണേ എന്നായി പ്രാര്‍ത്ഥന.


അവളെ കാണാതെ നിമിഷം പോലും പത്രോസിനു ജീവിക്കാന്‍ വയ്യാന്നായി, വെള്ളിയാഴ്ചകള്‍ അവന്‍റെ സ്വസ്ഥതകള്‍ നശിപ്പിച്ചു , എന്നും ത്രിഗുണന്‍ അടിച്ചിരുന്ന പത്രോസിനു ത്രിഗുണന്‍ അലര്‍ജിയുടെ പര്യായമായി .


എന്നും രാവിലെയുള്ള അവളുടെ ഗുഡ് മോര്‍ണിംഗ് കേള്‍ക്കാന്‍ അവന്റെ കാതുകള്‍ കൊതിച്ച് കാത്തിരുന്നു ( അതൊഴികെ മറ്റൊന്നും ഇതു വരെ അവന്‍ കേട്ടിരുന്നില്ല)

മ__ മുതലാളി ആണെങ്കില്‍ അവളെ അങ്ങേരുടെ കാബിനില്‍ നിന്നും പുറത്ത് വിടില്ല, കോഴി അടയിരിക്കുന്ന പോലെ ....

കണക്കുകളുടെ ഗുണനവും ഹരണവും കഴിഞ്ഞു തന്‍റെ കാവ്യാ ഭാവനയുടെ ലോകത്തില്‍ അവന്‍ അവള്‍ക്കായി ഒരു താജ് മഹല്‍ പണിതു.അവളുടെ ശരീര സൌന്ദര്യത്തെ വിസ്തരിച്ച് വിവരിച്ച ആ കവിത അവളുടെ അം‌ഗഭം‌ഗികളെ ഒരു ശില്പിയെന്ന പോലെ ആവാഹിച്ചെടുത്ത് തന്റെ കലാഹൃദയം കൊണ്ട് അവന്‍ വിവരിച്ചു കൊണ്ടിരിക്കെ , പെട്ടെന്ന് ഫോണ്‍ മണി ഉയര്‍ന്നു.

ഫോണ്‍ എടുത്തു ഹലോ പറയുന്നതിന് മുന്‍പേ അവനു ശബ്ദം കൊണ്ട് ആളെ തിരിച്ചറിഞ്ഞു , അതെ തന്‍റെ കാത്തിരിപ്പിനു സാഫല്യമായ അവള്‍ തന്നെ. മൃദുലമായ സ്വരത്തില്‍ മൃദുല: *ബോസ്സ് വാണ്ട് ടു മീറ്റ്‌ യു*

എടുത്ത പാതി എടുക്കാത്ത പാതി അവന്‍ ഓടി മുതലാളിയുടെ മുറിയിലേക്ക്. , അവനെ കണ്ടതും ബോസ്സിന്‍റെ മുഖം ചുവന്നു , വേര്‍ ഈസ്‌ ദാറ്റ്‌ റിപ്പോര്‍ട്ട്‌ ദിസ്‌ റിപോര്‍ട്ട് , ബാ‍ങ്ക് റിപ്പോര്‍ട്ട്, സെയില്‍ റിപ്പോര്‍ട്ട്?
നിന്ന നില്‍പ്പില്‍ അവന്‍ ആകെ വിയര്‍ത്തു. അവളാണെങ്കിലൊ ഞാന്‍ ഈ ലോകത്തിലേ അല്ല എന്ന മട്ടില്‍ ഒരു ഇരിപ്പ്.
അവസാനം ബോസ്സിന്‍റെ അന്ത്യ ശാസനം; മൂന്നു മണിക്ക് മുന്‍‌പേ റിപ്പോര്‍ട്ട്‌ എല്ലാം സെക്രട്ടറിയുടെ കയ്യില്‍ എത്തിയിരിക്കണം ,


തിരിച്ചു സീറ്റില്‍ എത്തിയ പത്രോസ് ഒരു കുപ്പി മസാഫി അകത്താക്കി പാതി വെച്ച കവിത മുഴുവനാക്കുന്നതില്‍ മുഴുകി.


കൃത്യം മൂന്ന് മണിക്ക് അവന്‍ സെക്രട്ടറിയുടെ കാബിനിലേക്ക്‌ നടന്നു , റിപ്പോര്‍‌ട്ടുകളെല്ലാം കൊടുത്തു. പിന്നെ ‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു

അവള്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം ഓരോന്നോരോന്നായി നോക്കി.
അവന്‍ അങ്ങനെ മനോരാജ്യത്തില്‍ മുഴുകി അവളെ നോക്കി നിന്നു.

പെട്ടെന്നാണ് , ബ്ലടി ഇടി , മടി , ഫൂള്‍ ക്ല, ക്ലി, ക്ലു ,

സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന പത്രോസിനു ഒന്നും മനസിലായില്ല. അവള്‍ ഒരു പേപ്പറും പൊക്കി പിടിച്ച് ബോസ്സി ന്റെ അടുത്തേക്ക് ഓടി. ചിന്തിച്ചു നില്‍‌ക്കാന്‍ സമയമില്ല എന്താണ് സംഭവിച്ചതെന്നു അറിയണമല്ലോ??
അവനും കൂടെ ചെന്നു ,

കടലാസിലെ മലയാളം വാക്കുകള്‍ ബോസ്സിന് ഇംഗ്ലീഷില്‍ ട്രാന്‍സിലേറ്റ് ചെയ്തു കൊടുക്കുവാണു അവള്‍.
തന്‍റെ ശരീര സൌന്ദര്യത്തെ ഇത്രയേറെ വര്‍ണിച്ചിരിക്കുന്നത് വള്ളി പുള്ളി വിടാതെ, അംഗവിക്ഷേപങ്ങളോടെ വിവരിച്ചു കൊടുത്തു. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന പത്രോസിനു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കിട്ടി: ക്യാന്‍സലേഷന്‍ ഏന്‍ഡ് എ വണ്‍ വേ ടിക്കറ്റ്.